തിരുവനന്തപുരം: സർക്കാരിനെതിരേ ഒരുസംഘം വ്യാപകമായി കള്ളപ്രചാരണം നടത്തുകയാണെന്നു മുഖ്യമന്ത്രി വി.ഡി സതീശൻ. വൈസ് ചാൻസലർമാർ ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തത് അവരുടെ പദവിക്ക് ചേർന്നതല്ലെന്നും ഗുരുതരമായ തെറ്റാണെന്നും ചൂണ്ടിക്കാട്ടി താൻ ശക്തമായി വിമർശിച്ചിരുന്നു.
വിമർശനം മാത്രം പോരെന്നാണ് പ്രതിപക്ഷനേതാവ് പിണറായി വിജയൻ പറയുന്നത്. അദ്ദേഹം മുഖ്യമന്ത്രിയായിരുന്നപ്പോൾ നാല് വിസിമാർ ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തെങ്കിലും തെറ്റാണെന്നു പോലും പറഞ്ഞിരുന്നില്ല.
വിസിമാരിൽ ഒരാൾ സിപിഎം സംഘടനാ നേതാവുമായിരുന്നു. അന്നത്തെ ഉന്നതവിദ്യാഭ്യാസമന്ത്രി അതിനെ ന്യായീകരിക്കുകയായിരുന്നു. വൈസ് ചാൻസലർമാർക്കെതിരേ നടപടിയെടുക്കാൻ സർക്കാരിന് അധികാരമില്ലെന്നിരിക്കെയാണ് ഇപ്പോഴത്തെ വിമർശനം.
ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ പേഴ്സണൽ സ്റ്റാഫിൽ കഞ്ചാവ് കേസുമായി ബന്ധമുള്ളയാളെ നിയമിച്ചെന്ന പച്ചക്കള്ളമാണ് അടുത്തത്. അങ്ങനെയൊരാൾ സ്റ്റാഫിൽ ഇല്ല. അത്തരമൊരു ശിപാർശയും ആഭ്യന്തരമന്ത്രി നൽകിയിട്ടില്ല. താനും ചെന്നിത്തലയും ഇതെല്ലാം കേട്ട് ചിരിക്കുകയാണ്. കെഎസ്ആർടിസിയിൽ സ്ത്രീകൾക്കുള്ള സൗജന്യയാത്ര തുടങ്ങിയതോടെ ഓർഡിനറി ബസുകളെല്ലാം സിറ്റി ഫാസ്റ്റുകളാക്കിയെന്നാണ് അടുത്ത പ്രചാരണം.
സ്ത്രീകൾ ആവേശഭരിതരായി സൗജന്യയാത്രയെ സ്വീകരിച്ചപ്പോൾ പച്ചക്കള്ളം പ്രചരിപ്പിക്കുന്നു. സൗജന്യയാത്രയുടെ ശോഭ കെടുത്താനാണ് ശ്രമം. സഹകരണ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഫീസ് കൂട്ടിയെന്നാണ് മറ്റൊന്ന്. ഫെബ്രുവരിയിൽ എൽഡിഎഫ് സർക്കാരാണ് ഫീസ് കൂട്ടിയത്.
കേന്ദ്രസർക്കാർ ഇടുക്കിയിലെ പരിസ്ഥിതിലോല മേഖല പ്രഖ്യാപിച്ചത് യുഡിഎഫ് സർക്കാരിന്റെ ശിപാർശയിലാണെന്നാണ് മറ്റൊരു കള്ളപ്രചാരണം. ഇരവികുളം, ആനമല, ചിന്നാർ അടക്കം മേഖലകളുൾപ്പെടുത്തി കരട് വിജ്ഞാപനം പുറപ്പെടുവിച്ചത് പിണറായി സർക്കാർ കേന്ദ്രവുമായി നടത്തിയ കത്തിടപാടുകളെ തുടർന്നാണ്. കേന്ദ്രം ആവശ്യപ്പെട്ട വിവരങ്ങൾ പലതവണയായി അവരാണു നൽകിയത്.
യുഡിഎഫ് സർക്കാർ കേന്ദ്രവുമായി ഇക്കാര്യത്തിൽ കത്തിടപാടുകൾ നടത്തിയിട്ടില്ല. ഇതെല്ലാം മറച്ചുവച്ചാണ് അധികാരമേറ്റതിന്റെ 17-ാംദിവസം വന്ന പ്രഖ്യാപനം യുഡിഎഫ് സർക്കാരിന്റെ തലയിലാക്കിയത്. സിപിഎം ജില്ലാ സെക്രട്ടറിവരെ നുണപ്രചാരണം നടത്തി.
റേഷൻ വിതരണം സ്തംഭിച്ചെന്നാണ് മറ്റൊരു നുണ. നൽകേണ്ടതിൽ ഒരു ഗ്രാം അരി കുറച്ചിട്ടില്ല. വിൽക്കാത്തതും അധികം ലഭിക്കുന്നതുമായ അരി, ഓണത്തിന് എല്ലാവർക്കും നൽകാനായി സംഭരിക്കുകയാണ്. എന്നിട്ടും യുഡിഎഫ് വന്നു, റേഷൻ മുടങ്ങിയെന്നാണ് കള്ളപ്രചാരണം.
രണ്ടുവർഷം പിആർഡിയുടെ സഹായത്തോടെ നടത്തിയ കള്ളപ്രചാരണങ്ങൾ ജനം ചവറ്റുകുട്ടയിലെറിഞ്ഞു. യുഡിഎഫ് ഭരണകാലം ’ഇരുണ്ട കാലം’ എന്നത് അടക്കം സർക്കാർ ചെലവിൽ പിആർഡി വഴി പ്രചരിപ്പിച്ചു.
യുഡിഎഫ് അധികാരത്തിലെത്തിയതിന് പിന്നാലെ അരഡസനിലേറെ വ്യാജപ്രചാരണങ്ങൾ നടത്തുകയാണ്. ഉദ്യോഗസ്ഥർ രാഷ്ട്രീയ പ്രചാരണം നടത്തിയെന്നു തെളിഞ്ഞാൽ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.